മുപ്പത്തിമുക്കോടി 'യൊന്ന് ' ദൈവങ്ങൾ
ഇരുട്ട് ഒരുക്കം കൂട്ടുന്ന റോഡരികിലൂടെ വേഗത്തിൽ നടക്കുമ്പോൾ, കണ്ടക്ടർ വച്ചു നീട്ടിയ ടിക്കറ്റിന്റെ ബാക്കി പൈസ കൈവെള്ളയിൽ വിയർപ്പു പറ്റിക്കിടക്കുന്നുണ്ടായിരുന്നു. അബലത്തിനരികിലെത്തിയ പ്പോയ ൾ കൈ നെറുകയിലേക്ക് താനേ ഉയർന്നു. അപ്പോൾ മാത്രമാണ് മുന്നിൽ നിൽക്കുന്ന യാചകന്റെ നീട്ടിപ്പിടിച്ച കൈയും അതിൽ പറ്റിയ ചെളിയും ഞാൻ അറപ്പോടെ നോക്കിയത്. കൈവെള്ളയിൽ പറ്റിക്കിടന്ന രണ്ടു ഒറ്റനാണയത്തുട്ടുകൾ അയാളുടെ കൈകളിലേക്കെറിഞ്ഞു കൊടുത്ത് മുന്നോട്ടു നടക്കുമ്പോൾ മനസ്സ് പൊങ്ങച്ചം ഭാവിച്ചു. വെറുതെ,വെറും വെറുതെ തിരിഞ്ഞൊന്നു നോക്കിയപ്പോൾ അയാളുടെ വലതു കൈപ്പത്തി ഭണ്ഡാരത്തിനു നേരെ നീളുന്നതായൊരു തോന്നൽ, തിരിഞ്ഞു നിന്ന് ശരിക്കൊന്നു നോക്കി. ഭിക്ഷ കിട്ടിയ നാണയത്തുട്ടുകളിലൊന്ന് ഭണ്ഡാരത്തിൽ നിക്ഷേപിച്ച് അയാൾ നടന്നു നീങ്ങി...
മുപ്പത്തിമുക്കോടി ദൈവങ്ങളും ആ യാചകനും തറപ്പിച്ചു നോക്കുന്നതായി എനിക്കു തോന്നി .... ഉള്ളിൽ നുരഞ്ഞു പൊന്തിയ വികാരങ്ങൾ ഓരോന്നായി കഥ പറഞ്ഞു തുടങ്ങിയിരുന്നു .. പിന്നീടുള്ള സന്ധ്യകളിലെല്ലാം രണ്ട് ഒറ്റനാണയ തുട്ടുകൾ പ്രതീക്ഷകളോടെ എന്റെ കൈവെള്ളയിൽ കിടന്നു നീറി.. ഒന്ന് ദൈവത്തിനും ഇനിയോരെണ്ണം എന്റെ "പ്രിയപ്പെട്ട" യാചകാ നിനക്കും ...
No comments:
Post a Comment