Friday, 11 November 2016

#.....മയിൽ‌പീലി .....# 


കാർമേഘം കനത്ത - 
ഇരുണ്ട സന്ധ്യാ -
നൃത്തത്തിൽ പെയ്തൊഴിഞ്ഞ-
മഴ പീലി ....

അടർന്നകന്ന് കണ്ണൻറെ -
നെറുകയിൽ കയറി-
കൂടി മതമിറുത്ത -
പ്രണയപ്പീലി...

നെഞ്ചോടു ചേർത്തടക്കി -
നിന്റെ ഓർമത്താളിൽ -
കയറി അടയിരുന്ന -
ഏഴുനിറപ്പീലി ....

നീലാകാശത്തിലെ കരി -
 പൊട്ടിനോട് കണ്ണാരം -
പൊത്തി , പൊത്തി -
നിന്റെ മാറിലൊളിച്ച -
സ്വപ്നപ്പീലി ....

പ്രണയമുരുട്ടി , ഊട്ടി-
നിന്റെ ഇരട്ട -
ജീവനെ ഗർഭം -
പൂണ്ട അമ്മപ്പീലി ...

ഇനിയൊരു മഴക്കാലം-
നെയ്തൊരുക്കി 
'അമ്മ സ്വപ്‌നങ്ങൾ -
തീർത്ത വാത്സല്യപ്പീലി ....

                                                          -ആതിര പ്രഭാകർ (ആമി)

Monday, 27 June 2016


# ഓർമപ്പൂരം# 


ഇടവഴിയിലെ
ആനച്ചങ്ങല 
പെരുക്കങ്ങൾ  
പോലെ  
ഓർമ്മകൾ ..

കിലുങ്ങി -
കുണുങ്ങി-  
നിവർന്ന്  
മെലിഞ്ഞ  
കാലൊച്ചകൾ ...

തിടമ്പേറ്റിയ-  
കൊമ്പൻറെ - 
പൂടയിലുടക്കിയ - 
സ്വപ്നക്കണ്ണുകൾ ...

ഇലഞ്ഞിത്തറ  
മേളത്തിലസ്തമിച്ച  
സന്ധ്യാനാമങ്ങൾ ...

പാലപ്പൂ  -
രാവുകളിലെ  
ശീത  -
നടത്തങ്ങൾ ...

കാറ്റൊഴിഞ്ഞ  
ഹൈഡ്രജൻ -  
ബലൂണിൻറെ 
ഭൂമി പ്രണാമം....

നിയോൺ  
വെളിച്ചത്തിൽ  
കണ്ണോടു - 
കണ്ണുചേർന്ന 
കുപ്പിവള പ്രണയങ്ങൾ ...

ശ്രീകോവിലിൽ 
പട്ടുടുത്ത  
ദേവീ  
നടനം ...

നിലാവഴിഞ്ഞ  
അന്തിനാടക  
മേളങ്ങൾ ...

കൊടിയിറക്കങ്ങളുടെ
ഉറക്കച്ചടവുകൾ.....

                                -ആതിര പ്രഭാകർ (ആമി)

Thursday, 23 June 2016

എന്നിലെ നീ , അഥവാ.......


തലനരച്ച സ്വപ്നം,
വെള്ളയുടുത്ത കാമം,
മിഴിയൊഴിഞ്ഞ കാഴ്ച,
ഓർമത്തെറ്റിന്റെ കൗമാരം,
കരിമ്പടമുടുത്ത പൗർണമി ,
ബാലികാക്കയുടെ പ്രണയം,
എന്നിലെ നീ,
അഥവാ ... നിന്നിലെ ഞാൻ...

                              -ആതിര പ്രഭാകർ (ആമി )

Wednesday, 1 June 2016

.......അമ്മുക്കുട്ടി സ്കൂളിലേക്ക് ........

പതിനെട്ടു   വർഷങ്ങൾക്കു പിറകിലെ ഓർമയില്ലാത്ത ആ ഓർമദിവസത്തോട് ഇന്നും വാത്സല്യം നിറഞ്ഞ പ്രണയമാണ് ....
പൊടിചെക്കന്റെ കുഞ്ഞി കുംബയിൽ ഇക്കിളി കൂട്ടി "ചേച്ചി പഠിച്ച് വല്യേ കുട്ട്യായിട്ട് വരാംട്ടോ " എന്നു പറയുമ്പോ അവൻ മലർന്നു കിടന്നു ഊറി ചിരിക്കുകയോ ഇത്തിരി ഉണ്ണി മൂത്രം പുണ്യാഹമായി ചേച്ചി ക്ക് തരുകയോ ചെയ്തിടുണ്ടാവാം ....  
അച്ഛന്റെ കവിളിൽ കുഞ്ഞരിപ്പല്ലിറുക്കി " കുട്ടി പോണോ അച്ഛാ " ന്ന് ചോദിച്ചപ്പോൾ ഉള്ള അമർത്തിചിരിയിൽ ഇത്തിരി കുസൃതിയും ഒത്തിരി അനുഗ്രഹങ്ങളും ഉണ്ടായിരികാം.  
സന്തൂർ സോപ്പ് തേച്ച്‌ കുളിപ്പിച്ച് , കുഞ്ഞുരുളകൾ വായിൽ വച്ച് തരുമ്പോൾ അമ്മ "ഇപ്പോ അമ്മേടെ മുത്ത് വല്യേ കുട്ട്യായിട്ടോ , ഇനി ഇതൊക്കെ ഒറ്റക്കു ചെയ്യണം " എന്നൊക്കെ പറഞ്ഞ് ൻറെ കുഞ്ഞി ചുമലിൽ ഉത്തരവാധിത്വതിന്റെ പുസ്തകക്കെട്ട് വച്ച് തന്നിട്ടുണ്ടാകും .... 
വട്ടമ്പലം ഗവണ്മെന്റ് എൽ പി സ്കൂളിന്റെ പടി കയറുമ്പോൾ ആവാം ന്റെ ലോകം 2 KM ഉള്ള നടവഴിയും , സിമെന്റ് കറപിടിപ്പിച്ച ആ ക്ലാസ്സ്‌റൂമും ആണെന്നു കരുതിയതു. 10 മണി ബെൽ നീട്ടിയടിച്ചപ്പോൾ ആദ്യബെഞ്ചിന്റെ അറ്റത്ത് എന്നെ ഇരുത്തി അമ്മ കൈ വിടുവിച്ച് നടന്നപ്പോൾ , അപരിചിതത്വത്തിന്റെ തനിച്ചാവലുകളിൽ ഒരിറ്റു കണ്ണീർ ഊർന്നു വീണിട്ടുണ്ടാകാം ... കളിക്കുടുക്കയിലെ അക്ഷരങ്ങള ഓരോന്നായി ബോർഡിൽ വരച്ചപ്പോൾ പരിചയം ഭാവിചിടുണ്ടാകാം..
ഒന്നുമാത്രം ഉറപാണ് ,
ഹരിശ്രീ കുറിപ്പിച്ച ത്രേസ്യാമ ടീച്ചർ തലയിൽ കൈ വച്ചനുഗ്രഹിചിട്ടുന്ടെന്ന് .......

-ആതിര പ്രഭാകർ
(സമർപ്പണം : ആദ്യാക്ഷരം ഓതിത്തന്ന ത്രേസ്യാമ ടീച്ചറുടെ പാവന സ്മരണക്ക് )

Monday, 25 April 2016

# .....സ്വപ്നക്കാട് .....#

മിഴിയോരം തോർത്തി , നീളൻ മുടി പിന്നി 
ഞാൻ നെയ്ത മഴ സ്വപ്‌നങ്ങൾ ..
ഒരിഴ കീറി , മറുപാതി അടർത്തു - നിനക്ക് തരാം...
ആൾപാർപ്പില്ലാത്ത നിന്റെ മനക്കാവുകളിലെന്നെ - കുടിയിരുത്തുക......
വേനലറുതിയിലാത്ത മാമ്പഴകാലം
പകരം
തക...

-ആതിര പ്രഭാകർ



Thursday, 21 April 2016

മുപ്പത്തിമുക്കോടി 'യൊന്ന് ' ദൈവങ്ങൾ


ഇരുട്ട് ഒരുക്കം കൂട്ടുന്ന റോഡരികിലൂടെ വേഗത്തിൽ നടക്കുമ്പോൾ, കണ്ടക്ടർ വച്ചു നീട്ടിയ ടിക്കറ്റിന്റെ ബാക്കി പൈസ കൈവെള്ളയിൽ വിയർപ്പു പറ്റിക്കിടക്കുന്നുണ്ടായിരുന്നു. അബലത്തിനരികിലെത്തിയ പ്പോൾ കൈ നെറുകയിലേക്ക് താനേ ഉയർന്നു. അപ്പോൾ മാത്രമാണ് മുന്നിൽ നിൽക്കുന്ന യാചകന്റെ നീട്ടിപ്പിടിച്ച കൈയും അതിൽ പറ്റിയ ചെളിയും ഞാൻ അറപ്പോടെ നോക്കിയത്. കൈവെള്ളയിൽ പറ്റിക്കിടന്ന രണ്ടു ഒറ്റനാണയത്തുട്ടുകൾ അയാളുടെ കൈകളിലേക്കെറിഞ്ഞു കൊടുത്ത് മുന്നോട്ടു നടക്കുമ്പോൾ മനസ്സ് പൊങ്ങച്ചം ഭാവിച്ചു. വെറുതെ,വെറും വെറുതെ തിരിഞ്ഞൊന്നു നോക്കിയപ്പോൾ അയാളുടെ വലതു കൈപ്പത്തി ഭണ്ഡാരത്തിനു നേരെ നീളുന്നതായൊരു തോന്നൽ, തിരിഞ്ഞു നിന്ന്‌ ശരിക്കൊന്നു നോക്കി. ഭിക്ഷ കിട്ടിയ നാണയത്തുട്ടുകളിലൊന്ന് ഭണ്ഡാരത്തിൽ നിക്ഷേപിച്ച് അയാൾ നടന്നു നീങ്ങി...
മുപ്പത്തിമുക്കോടി ദൈവങ്ങളും ആ യാചകനും തറപ്പിച്ചു നോക്കുന്നതായി എനിക്കു തോന്നി .... ഉള്ളിൽ നുരഞ്ഞു പൊന്തിയ വികാരങ്ങൾ ഓരോന്നായി കഥ പറഞ്ഞു തുടങ്ങിയിരുന്നു .. പിന്നീടുള്ള സന്ധ്യകളിലെല്ലാം രണ്ട്‌ ഒറ്റനാണയ തുട്ടുകൾ പ്രതീക്ഷകളോടെ എന്റെ കൈവെള്ളയിൽ കിടന്നു നീറി.. ഒന്ന് ദൈവത്തിനും ഇനിയോരെണ്ണം എന്റെ "പ്രിയപ്പെട്ട" യാചകാ നിനക്കും ...

Friday, 15 April 2016

...ആത്മഹത്യ...

ഇതാ ഇതെൻ ആത്മഹത്യ...

ഇനി എൻറെ ,

 കൈകൾ ,  അക്ഷരമൂട്ടിയ ഗുരുവിന് ....കാലുകൾ ചുവടുവെപ്പിച്ച അച്ഛന് ...ഹൃദയം , സ്നേഹിക്കാൻ പഠിപ്പിച്ച അമ്മക്ക്...കണ്ണുകൾ, വാത്സല്യം നല്കിയ അനുജന്..നിശ്വാസം, അവന്റെ കേട്ടു പോയ സ്വപ്നങ്ങള്ക്ക്..ആത്മാവ്, നിഴലിനെ പ്രണയിച്ചവൾക്ക്..ഉടൽ, "കാമക്കൊതിയുള്ള കഴുകന്മാർക്ക് ..."

ഒടുവിൽ ,
ഞാനുമൊരു രക്തസാക്ഷി...

( സമർപ്പണം :-"ഈ പെഡ്രോപരാമോയിലെ കാമപ്പട്ടിണിക്ക്  ഇരയായ എന്റെ  സഹോദരിമാര്ക്ക്, ചില ശവം തീനി ഉറുമ്പുകളുടെ മൌനത്തിനു....)

                                                                                                                         -ആതിര പ്രഭാകർ